
കൻസാസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ വംശജനായ അമേരിക്കൻ സുവിശേഷകൻ അറസ്റ്റിലായി. കൻസാസ് സിറ്റിയിൽ താമസിക്കുന്ന 53-കാരനായ അബ്രഹാം ജയ്പോൾ പാപബത്തിനിയെയാണ് എഫ്.ബി.ഐ. അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിൽ അനാഥാലയവും മറ്റ് ചാരിറ്റി സ്ഥാപനങ്ങളും നടത്തിയിരുന്നയാളാണ് അബ്രഹാം ജയ്പോൾ.
2022 മുതൽ 2024 വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് നടത്തിയ യാത്രകൾക്കിടെ ആന്ധ്രപ്രദേശിലെ വിവിധ സ്ഥലങ്ങളിൽവച്ച് 14 മുതൽ 17 വയസ്സുവരെയുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപണം. നവംബർ ഏഴിനായിരുന്നു അറസ്റ്റ്. തുടർന്ന് നവംബർ 17-ന് ഗ്രാൻഡ് ജൂറി ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാകുന്നതുവരെ പ്രതിയെ കസ്റ്റഡിയിൽ പാർപ്പിക്കാനും ഫെഡറൽ കോടതി ഉത്തരവിട്ടിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ഓരോ കുറ്റത്തിനും പരമാവധി 40 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
കൻസാസ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സന്നദ്ധസംഘടനയായ 'റെസ്ക്യൂയിങ് ലൈവ്സി'ന്റെ പ്രസിഡന്റാണ് പാപബത്തിനി. തെരുവുകളിലും ചേരികളിലും കഴിയുന്ന കുട്ടികൾക്കും വിധവകൾക്കും സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സുരക്ഷിതമായ താമസസൗകര്യം എന്നിവ ഒരുക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നത്. വിശാഖപട്ടണത്ത് ഒരു സ്കൂളും എൻ.ടി.ആർ. ജില്ലയിലെ ചില്ലകല്ലുവിൽ അനാഥാലയവും സംഘടനയുടെ കീഴിലുണ്ട്. അഞ്ച് മുതൽ 16 വയസ്സുവരെയുള്ള കുട്ടികളാണ് അനാഥാലയത്തിൽ താമസിക്കുന്നത്.
എഫ്.ബി.ഐ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണങ്ങളാണ് വിശദീകരിക്കുന്നത്. 2022 ജൂൺ 28-നാണ് കേസുമായി ബന്ധപ്പെട്ട ആദ്യ പരാതി അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. 2022 മാർച്ചിൽ അനാഥാലയത്തിന് സമീപമുള്ള തന്റെ വസതിയിൽവച്ച് 15 വയസ്സുകാരിയെ പാപബത്തിനി പീഡിപ്പിച്ചെന്നാണ് ഒരു ആരോപണം. 2023 ജൂൺ മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ മറ്റൊരു പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായും 14 വയസ്സുള്ള മറ്റൊരു പെൺകുട്ടിയും ഇയാളുടെ അതിക്രമത്തിന് ഇരയായതായും സത്യവാങ്മൂലത്തിൽ പറയുന്നു. സമാനമായ ആരോപണവുമായി ഒരു യുവതിയും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനത്തോടെ കേസിലെ ഇരകളിൽ ചിലരെയും സാക്ഷികളെയും എഫ്.ബി.ഐ. ചോദ്യം ചെയ്തിരുന്നു. ചില്ലകല്ലുവിലെ അനാഥാലയത്തിൽ 2022-ൽ ഒരാൾ പരാതി നൽകിയതിനെത്തുടർന്ന് ശിശുക്ഷേമ സമിതി പരിശോധനയ്ക്കെത്തിയപ്പോൾ അവിടെ താമസിച്ചിരുന്ന 20 മുതൽ 30 വരെ പെൺകുട്ടികളെ പാപബത്തിനി മറ്റൊരിടത്തേക്ക് മാറ്റിയതായി ഒരു പെൺകുട്ടിയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പാപബത്തിനി ഇന്ത്യയിലെത്തുന്ന സന്ദർഭങ്ങളിൽ സ്ഥാപനത്തിന്റെ പരിസരത്തെ സി.സി.ടി.വി. ക്യാമറകൾ മറച്ചിരുന്നുവെന്ന് ചില സാക്ഷികൾ മൊഴി നൽകിയതായും അന്വേഷണ രേഖകളിലുണ്ട്. ആരോപണങ്ങളെക്കുറിച്ച് ചോദ്യം ചെയ്തവരോട് പശ്ചാത്തപിക്കുന്നുവെന്നും അവർ നൽകുന്ന ശിക്ഷ സ്വീകരിക്കുമെന്നും ഇയാൾ പറഞ്ഞതായും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.
ഇരകളും സാക്ഷികളും തെലുങ്ക് സംസാരിക്കുന്നവരായിരിക്കാമെന്നതിനാൽ യു.എസ്. നീതിന്യായ വകുപ്പ് കേസുമായി ബന്ധപ്പെട്ട പത്രക്കുറിപ്പ് തെലുങ്ക് ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഫ്.ബി.ഐ.യുടെ ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ ഓപ്പറേഷണൽ യൂണിറ്റാണ് കൻസാസ് സിറ്റി ഫീൽഡ് ഓഫീസിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നത്.
1998 മുതൽ അമേരിക്കയിൽ സ്ഥിരതാമസക്കാരനായ പാപബത്തിനി 2022 മേയ് 18-നാണ് യു.എസ്. പൗരത്വം നേടിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. സുവിശേഷകനെന്നും അധ്യാപകനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ മനുഷ്യക്കടത്തിനെക്കുറിച്ച് പുതിയ പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. അറസ്റ്റിന് ഒരാഴ്ച മുൻപ് പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.










